കാനഡ വിസ നിയമങ്ങൾ പരിഷ്കരിക്കുന്നു. ഇതിൻ്റെ ഭാഗമായി 10 വർഷത്തെ ടൂറിസ്റ്റ് വിസകൾ ഓട്ടോമാറ്റിക് ആയി നൽകുന്ന രീതി അവസാനിപ്പിക്കുന്നു. ഒപ്പം പ്രവേശന നിയമങ്ങൾ കർശനമാക്കും. ഇമിഗ്രേഷനുമായി ബന്ധപ്പെട്ട പൊതു ആശങ്കകൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായാണ് വിസ പരിഷ്കരണം.
10 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ അനുവദിക്കുന്ന പതിവ് അവസാനിപ്പിച്ച് കൊണ്ടാണ് ടൂറിസ്റ്റ് വിസ നയം ഭേദഗതി ചെയ്തത്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) പ്രഖ്യാപിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ, ഇമിഗ്രേഷൻ ഓഫീസർമാർക്ക് കൂടുതൽ വിവേചനാധികാരം നൽകുന്നതാണ്. കൂടുതൽ കാലത്തേക്ക് വിസ നൽകുന്നതിന് പകരം ഹ്രസ്വകാല വിസകളാകും നൽകുക. കുടിയേറ്റങ്ങൾ നിയന്ത്രിക്കുന്നതോടൊപ്പം അതിർത്തി സുരക്ഷ,ഭവന ക്ഷാമം പരിഹരിക്കുക,വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നിയന്ത്രിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കരണമെന്ന് ഐ ആർ സി സി അറിയിച്ചു. കുടിയേറ്റക്കാരുടെ വൻ കുത്തൊഴുക്ക് കാനഡ പ്രതീക്ഷിക്കുന്നുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം.
അപേക്ഷാ ചെലവുകളും കൂട്ടിയിട്ടുണ്ട്. ഇത് കാനഡയിലേക്കുള്ള പതിവ് സന്ദർശകരെയും ജോലിയ്‌ക്കായി വരുന്നവരെയും ടൂറിസ്റ്റുകളെയുമാണ് ബാധിക്കുക. നേരത്തേ ഐആർസിസി രണ്ട് തരത്തിലുള്ള ടൂറിസ്റ്റ് വിസകളായിരുന്നു നൽകിയിരുന്നത്. മൾട്ടിപ്പിൾ എൻട്രി,സിംഗിൾ എൻട്രി വിസകളായിരുന്നു ഇത്. എല്ലാ അപേക്ഷകരും മൾട്ടിപ്പിൾ എൻട്രി വിസയ്ക്കായി പരിഗണിക്കപ്പെട്ടിരുന്നു.ഈ വിസയുടെ പത്ത് വർഷ കാലാവധിക്കിടെ, പല തവണ കാനഡയിൽ പ്രവേശിക്കാൻ സന്ദർശകർക്കാകും. സിംഗിൾ എൻട്രി വിസയിലൂടെ, യാത്രക്കാർക്ക് ഒരു തവണ മാത്രമേ കാനഡയിൽ പ്രവേശിക്കാനാകൂ. വിദേശ പൗരന്മാരുടെ ഔദ്യോഗിക സന്ദർശനങ്ങൾ, കാനഡയിൽ ഏതെങ്കിലും പരിപാടികളിൽ ഒറ്റത്തവണ പങ്കെടുക്കൽ, ഇതെല്ലാമാണ് സിംഗിൾ എൻട്രി വിസകളിൽ ഉൾപ്പെടുക.